Sunday, November 10, 2013

വി.എസ്. ശത്രുദോഷ വഴിപാട്‌: ‌ദേവലോകത്ത് വിവാദം

ശത്രുദോഷപരിഹാരത്തിനും ആരോഗ്യത്തിനുമായി സി.പി.എം. മുതിര്‍ന്ന നേതാവ് വി.എസ്. അച്യുതാനന്ദന് വേണ്ടി തിരുവെങ്കിടാചലപതി  ക്ഷേത്രത്തിൽ നടത്തിയ മുട്ടിറക്കൽ വഴിപാട് ദേവലോകത്ത് ഒരു 'മുട്ടൻ' വിവാദത്തിന് തിരി കൊളുത്തിയിരിക്കുകയാണ്. ഇതിനോട്  അനുബന്ധിച്ച്  വിഘ്നങ്ങളുടെ  മന്ത്രിയായ ശ്രീ. ഗണപതിക്ക്‌ രണ്ട് ഹർജികളാണ് ലഭിച്ചിരിക്കുന്നത്. 
 
 
ശത്രുദോഷപരിഹാരവും   അതിനോട്   അനുബന്ധിച്ച  ദൈവാനുഗ്രഹങ്ങളും  ഉടൻ  നിറുത്താനായി   ശ്രീ.  തിരുവെങ്കിടാചലപതിക്കെതിരായി   നാരദനാണ് ആദ്യത്തെ  ഹർജി  സമർപ്പിച്ചിരിക്കുന്നത്.  നാസ്തികനായ വി. എസ് -ന്റെ അപേക്ഷ കൈപറ്റാനോ  ആഗ്രഹം നിറവേറ്റാനോ തിരുവെങ്കിടാചലപതിക്ക് അധികാരം ഇല്ല എന്നാണ് നരദന്റെ വാദം. വഴിപാടുകളും പ്രതിവിധിയും ഈശ്വര വിശ്വാസികൾക്ക് മാത്രം പറഞ്ഞിട്ടുള്ളതാണത്രേ.  
 
 
നാരദന്റെ ഹർജി തള്ളിക്കളഞ്ഞ് ശത്രുദോഷപരിഹാരത്തെ ശത്രുസംഹാരമാക്കി ഉയർത്താൻ അപേക്ഷിച്ചുകൊണ്ടുള്ള രണ്ടാമത്തെ ഹർജി ശ്രീപത്മനാഭന്റെതാണ്.  ക്ഷേത്ര കലവറയിലുള്ള സ്വത്തുമുഴുവൻ സർക്കാരിന്റെ അണ്ണാക്കിലേക്ക് തിരുകിവെക്കാൻ ശ്രമിച്ച ഏതോ  ഒരു സി.പി.എം നേതാവുമായി  ശ്രീപത്മനാഭന് കുറച്ച് കണക്കു തീർക്കാനുണ്ടത്രേ. ആ സി.പി.എം. നേതാവും,   വി. എസ് -ന്റെ ശത്രുവും ഒന്നുതന്നെയാണെന്നാണ് കിംവദന്തി.

ഈ പ്രശ്നത്തിനുള്ള  തീരുമാനം ഇന്ന് തന്നെ എടുക്കുമെന്ന് വിഘ്നമന്ത്രാലയത്തിലെ വ്യക്താവ് പറഞ്ഞു. "വഴിപാട് സ്വകാര്യത നിയമം" അനുസരിച്ച് തീരുമാനം എന്താണെന്ന് പുറത്ത് പറയില്ലെന്നും വ്യക്താവ് വെളിപ്പെടുത്തി .

Sunday, July 24, 2011

ജൂണ്‍ 2011 വാര്‍ത്തകള്‍

കൊച്ചി: കേരളത്തിന്റെ ധനസ്ഥിതി കേന്ദ്രസര്‍ക്കാരിനെ അറിയിച്ചുവെന്ന് ധനമന്ത്രി കെ.എം.മാണി. കേരളത്തോട് അനുഭാവപൂര്‍വമായ നിലപാടെടുക്കുമെന്ന് കേന്ദ്രം ഉറപ്പു നല്‍കിയതായി അദ്ദേഹം അറിയിച്ചു. പിച്ചച്ചട്ടിയുമായി ഡല്‍ഹിക്ക് പോയെന്നും,  തല്ക്കാലം ചില്ലറ ഒന്നും തടഞ്ഞില്ലെന്നും മനസ്സിലായി.
        
സംസ്ഥാനത്ത് പോലീസുകാര്‍ക്കെതിരെ നിരന്തരമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന പരാതികളുടെ വെളിച്ചത്തില്‍ പോലീസുകാരുടെ സ്വകാര്യജീവിതം നിരീക്ഷിക്കാനും മാഫിയാബന്ധമുള്ളവര്‍ക്കെതിരെ കര്‍ശന ശിക്ഷാനടപടി സ്വീകരിക്കാനും തീരുമാനം. ഓരോ പോലീസുകാരുടെയും ഉദ്യോഗസ്ഥരുടെയും സ്വകാര്യ ഇടപാടുകള്‍ നിരീക്ഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ തൊട്ടുമുകളിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ഡി.ജി.പി. ജേക്കബ് പുന്നൂസ് നിര്‍ദേശം നല്‍കി. കീഴുദ്യോഗസ്ഥന്മാരുടെ കിടപ്പുമുറിയില്‍ ക്യാമറയും കൂടി പിടിപ്പിച്ചോ പുന്നൂസേ !

ബൈക്കിലെത്തി മാലപൊട്ടിച്ച യുവാവിനെ 78കാരി കീഴ്‌പ്പെടുത്തി. ഒരു 78കാരിയുടെ  മാലപോലും പൊട്ടിക്കാന്‍ അറിയാത്ത കള്ളന്‍ സ്വയം കെട്ടിത്തുങ്ങി ചത്ത്‌ ഭൂമിയുടെ ഭാരം കുറയ്ക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.

സി.പി.എം.-സി.പി.ഐ. ലയനം ചര്‍ച്ചചെയ്തിട്ടില്ല -കാരാട്ട്. ലയിച്ചാല്‍ ആ പാര്‍ട്ടിക്ക് സിന്ധു ജോയ് എം. സി. പി. എന്ന് പേരിടാന്‍ പറയും.  


നിലവിലുള്ള കണക്കുകള്‍ പ്രകാരം വൈദ്യുതി ബോര്‍ഡ് ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ കണ്ടെത്തി. ഇതോടെ സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വര്‍ധന ഭീഷണി ഒഴിവായിട്ടുണ്ട്. "കണക്കിനെ പീഡിപ്പിക്കൂ, അവ കീഴടങ്ങും" എന്ന് സായിപ്പു പറഞ്ഞു കേട്ടിടുണ്ട് (Torture the numbers long enough, they will surrender)


ദുബായ്: അല്‍ഖ്വെയ്ദയുടെ മേധാവിയായി അയ്മന്‍ അല്‍ സവാഹിരിയെ നിയമിച്ചതായി ഇസ്‌ലാമിക വെബ്‌സൈറ്റായ അന്‍സാര്‍ അല്‍ മുജാഹിദീന്‍ റിപ്പോര്‍ട്ട് ചെയ്തു. ഒബാമ അറിഞ്ഞാല്‍ "സവാരി ഗിരി ഗിരി" തന്നെ. 


അടുത്തവര്‍ഷത്തെ സീസണ്‍ മുതല്‍ ശബരിമലയില്‍ കുടിവെള്ളം ടെട്രാപായ്ക്കില്‍ നല്‍കുമെന്ന് ജലവിഭവമന്ത്രി പി.ജെ.ജോസഫ് പറഞ്ഞു. virtual  പതിനെട്ടാം പടി കയറാനായി ഞാന്‍ കാത്തിരിക്കുന്നു. 


നൂറുദിന പരിപാടി: മാളയില്‍ കരുണാകരന്‍ സ്‌ക്വയര്‍. ഭയങ്കര ട്രപ്പീസ് ആര്‍ടിസ്റ്റ് ആയിരുന്ന ലീഡര്‍ക്ക്  സ്‌ക്വയര്‍ പോര, ട്രപീസിയം തന്നെ വേണം.  


പരിയാരം മെഡിക്കല്‍ കോളേജില്‍ അരക്കോടി രൂപ ഫീസായി നല്‍കേണ്ട എം.ബി.ബി.എസ് എന്‍.ആര്‍.ഐ. സീറ്റില്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന ഖജാന്‍ജി വി.വി.രമേശന്‍ മകള്‍ക്ക് പ്രവേശനം തരപ്പെടുത്തി. ആധുനിക സഖാക്കള്‍ ഇങ്ങനെയും രക്തസാക്ഷികള്‍ ആകുന്നു.

കള്ളപ്പണത്തിനെതിരെ അനിശ്ചിതകാലസത്യാഗ്രഹം നടത്തുന്ന യോഗ ഗുരു ബാബ രാംദേവിന്റെ ആസ്തി 1100 കോടി രൂപ. അസ്ഥി പോലെ ഇരിക്കുന്ന പുള്ളിക്കാരന്ടെ  ആസ്തി 1100  കോടി രൂപ!  അത്രയും  കാശുണ്ടായിരുന്നെങ്ങില്‍ ഞാനും അത്യാഗ്രം ... അല്ല സത്യാഗ്രം നടത്തിയേനെ.     

മകന്റെ പി.ജി മെഡിക്കല്‍ പ്രവേശനം ധാര്‍മികതയുടെ പേരില്‍ വേണ്ടെന്നുവെച്ചതായി വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് പറഞ്ഞു. ധാര്‍മികതക്ക് പകരം ധനശാസ്ത്രം എന്ന് പറയൂ മന്ത്രി. ഒരു പി.ജി. ക്കാരന്‍   ആയുഷ്ക്കാലത്ത്   ഉണ്ടാക്കുന്നതിനെക്കാള്‍  കൂടുതല്‍  കാശ്  ഒരു  വിദ്യാഭ്യാസ  മന്ത്രി 5  വര്‍ഷത്തില്‍  ഉണ്ടാക്കും എന്നതാണ് കാര്യം, അല്ലേ മിസ്റ്റര്‍ അബ്ദു?        
 
ഇരുപതിലേറെ ദിവസം വനംവകുപ്പില്‍ ഫയല്‍ വെച്ചുതാമസിപ്പിക്കുന്ന ഉദ്യോഗസ്ഥരെ വെച്ചുപൊറുപ്പിക്കില്ലെന്ന് മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍ പറഞ്ഞു.  "ഇരുപതിലേറെ ദിവസം വനത്തില്‍ മരം  വെച്ചുതാമസിപ്പിക്കുന്ന   ഉദ്യോഗസ്ഥരെ  പിരിച്ചുവിടാതിരുന്നാല്‍ മാത്രം മതി മിസ്റ്റര്‍ ഗണേഷ്‌കുമാര്‍ ..."

Wednesday, June 29, 2011

അഞ്ചാമത്തെ മന്ത്രി

( ജീവിച്ചിരിക്കുന്ന വ്യക്തികളുമായി ഈ കഥയിലെ കഥാപാത്രങ്ങള്‍ക്ക് യാതൊരു അസംബന്ധവും ... അല്ല ... സംബന്ധവും ഇല്ല. താണ്ടിയും ചങ്ങളും മിഥ്യഭാവന മാത്രം )

മലര്‍ന്നടിച്ച്‌വീണ പറത്തവളയെപ്പോലെ ചാരുകസേരയില്‍ കയ്യും കാലും കവച്ചുപൊളിച്ച് വച്ച് ഉച്ചയുറക്കത്തിനുള്ള പുറപ്പാടിനായിരുന്നു ചങ്ങള്‍. കഴിച്ച കോഴി ബിരിയാണിയുടെ മണമുള്ള ഏമ്പക്കം വലിച്ചുവിട്ട്, ആംബിയെന്‍സ്‌ ഒന്ന് കൂടെ കൊഴുപ്പിച്ച്, ചങ്ങള്‍ പതിയെ ഉറക്കത്തിലേക്ക് വഴുതിപ്പോകാന്‍ തുടങ്ങി -- അഞ്ചാമത്തെ മന്ത്രിയെ സ്വപ്നം കാണാനുള്ള ഉറക്കത്തിലേക്ക്.

അപ്പോഴാണ് പാണ്ടിപ്പടത്തിലെ വില്ലനെപ്പോലെ വെളുത്ത ബെന്‍സ് കാറില്‍ പൊടിപറപ്പിച്ചുകൊണ്ട് താണ്ടി ലാന്‍ഡ്‌ ചെയ്തത്. കുഷ്ഠരോഗികളുടെ ഫാഷന്‍ പരേടിന് ഒരുങ്ങിയത് പോലെ മുണ്ടും കറുത്ത ഷൂസും ഇട്ട് താണ്ടി കാറില്‍ നിന്നും ചാടിയിറങ്ങി.

താണ്ടി വരുമെന്ന് ചങ്ങള്‍ക്ക് അറിയാമായിരുന്നു. താണ്ടി പൂവാലനെപ്പോലെ ഫോണ്‍ ചെയ്തു ശല്യം ചെയ്യാന്‍ തുടങ്ങിട്ട് രണ്ടാഴ്ചയായി. ‍ ഫോണ്‍ എടുക്കാത്തത് കാരണം താണ്ടിയുടെ വിരഹവേദന കണ്ടമാനം കൂടിപ്പോയെന്നു ചങ്ങള് ‍ കേട്ടു. വിരഹം തീര്‍ക്കാനായി താണ്ടി വന്നെത്തിയപ്പോള്‍ ചങ്ങള്‍ ഉറക്കം ഉപേക്ഷിച്ച്‌ എഴുനേറ്റു.

"ഫിഫ്ത് മന്ത്രി ഈസ്‌ നോട്ട് വാക്കിംഗ് -- അഞ്ചാമത്തെ മന്ത്രി നടക്കില്ല" വന്നു കേറിയ ഉടനെ താണ്ടി ചങ്ങളുടെ മുഖത്തടിച്ചു പ്രസ്താവിച്ചു.


"മന്ത്രി നടക്കണമെന്ന് ആരുപറഞ്ഞു? ഇരുന്നോട്ടെ." വളിപ്പടിച്ചു താണ്ടിയെ മെരുക്കാന്‍ ചങ്ങള്‍ ശ്രമിച്ചു.

" 1 . 7 കോടി വോട്ടുകളില്‍ ലീഗിന് കിട്ടിയത് വെറും 14 ലക്ഷം മാത്രം. അതായത് 8 ശതമാനം. 20 മന്ത്രിസ്ഥാനത്തില്‍ 8 ശതമാനം കണക്കു കൂട്ടിയാല്‍ നിങ്ങള്‍ക്ക് 2 മന്ത്രിസ്ഥാനം തരേണ്ട കാര്യമേയുള്ളൂ. ചേനത്തലയുടെ വിവരക്കേടുകൊണ്ട് നിങ്ങള്‍ക്ക് 4 മന്ത്രിക്കസേര കിട്ടി. " ഐ. എ. എസ്. കാരന്‍ പഠിപ്പിച്ച കണക്ക് വള്ളി പുള്ളി തെറ്റാതെ താണ്ടി ചങ്ങളുടെ മുന്നില്‍ അവതരിപ്പിച്ചു.

"ലീഗിന് കിട്ടിയത് 20 സീറ്റ്‌ ആണ്. യു. ഡി. എഫ് -ന് കിട്ടിയത് 72 സീറ്റ്‌. അതായത് 28 ശതമാനം സീറ്റുകള്‍ ലീഗിന്‍റെ തന്നെ. 20 മന്ത്രിസ്ഥാനങ്ങളില്‍ 28 ശതമാനം കണക്ക് കൂട്ടിയാല്‍ കുറഞ്ഞത്‌ 5 മന്ത്രിസ്ഥാനങ്ങളെങ്കിലും തന്നേ പറ്റൂ. ചണ്ടിത്തലയേക്കാള്‍ ഭേദം ചേനത്തല തന്നെ." സ്വാശ്രയ കോളേജുകളിലെ സീറ്റ്‌ വിറ്റ് പരിചയമുള്ള ചങ്ങള്‍ക്ക് താണ്ടിയുടെ കണക്കിന് ചുട്ട മറുപടിപറയാന്‍ ബുദ്ധിമുട്ടേണ്ടിവന്നില്ല.


"തിരഞ്ഞെടുപ്പിന് മുന്‍പ് പറഞ്ഞുറപ്പിച്ച കാര്യം ചങ്ങളിങ്ങനെ മാറ്റി പറയരുത്. അഞ്ചാമത്തെ മന്ത്രിക്ക് പകരം ഒരു ചീഫ് വിപ്പോ, വീപ്പക്കുറ്റിയോ എന്തെങ്കിലുമൊക്കെ തരാം." കണക്ക് പറഞ്ഞു തോല്‍പ്പിക്കാന്‍ പറ്റാത്തത് കൊണ്ട് താണ്ടി അടവ് മാറ്റി.


"വീപ്പക്കുറ്റിയും പാമോയില്‍കുറ്റിയും താന്‍ വച്ചോ. മന്ത്രിസ്ഥാനം ഇല്ലെങ്കില്‍ എനിക്ക് ഒരു മണ്ണാങ്കട്ടയും വേണ്ട" ചങ്ങള്‍ പിണക്കം ഭാവിച്ചു.


"എന്നാല്‍ പറഞ്ഞത് പോലെ. നിങ്ങള്‍ക്ക് നല്ലൊരു മണ്ണാങ്കട്ട തരാന്‍ ഏര്‍പ്പാടാക്കാം. എന്നാല്‍ ഞാന്‍ ഇറങ്ങട്ടെ" വീണു കിട്ടിയ അവസരം കളയാതെ താണ്ടി കരാര്‍ ഉറപ്പിച്ചു.


പുറത്തിറങ്ങിയപ്പോള്‍ ഉമ്മറപ്പടിയില്‍ അലിക്കുട്ടി ഇരിക്കുന്നത് താണ്ടി കണ്ടു. അര്‍ഥം വച്ചുള്ള ചിരിയോടെ അലിക്കുട്ടി താണ്ടിയോട് ചോദിച്ചു "എന്താ ഒന്നും കഴിക്കാതെ പോകുന്നെ? ഞാന്‍ ഒരു ഐസ് ക്രീം ഏര്‍പ്പാട് ചെയ്യട്ടെ?". താണ്ടി മിഴിച്ചു നില്‍ക്കെ അലിക്കുട്ടി ഒന്ന് കൂടെ ചോദിച്ചു "കൊഴുത്തുരുണ്ടിരിക്കുന്നത് വേണോ അതോ മെലിഞ്ഞു ഫാറ്റ്-ഫ്രീ ആയതു വേണോ?" അത് കേട്ട ഉടനെ താണ്ടി മുണ്ട് മടക്കിക്കുത്തി ആത്മാവും കൊണ്ട് കാറിലേക്ക് ഒറ്റയോട്ടം ഓടി.


താണ്ടിയുടെ പരാക്രമവും അലിക്കുട്ടിയുടെ പൊട്ടിച്ചിരിയും അവഗണിച്ച് ചങ്ങള്‍ പറത്തവളയെപ്പോലെ ചാരുകസേരയിലേക്ക് വീണ്ടും ചരിഞ്ഞു. കോഴി ബിരിയാണിയുടെ മണമുള്ള ഏമ്പക്കം വലിച്ചുവിട്ട്, ആംബിയെന്‍സ്‌ ഒന്ന് കൂടെ കൊഴുപ്പിച്ച്, ചങ്ങള്‍ വീണ്ടും ഉറക്കത്തിലേക്ക് വഴുതിപ്പോകാന്‍ ശ്രമിച്ചു -- നാലു മന്ത്രിമാരെയും ഒരു മണ്ണാങ്കട്ടയെയും സ്വപ്നം കാണാനുള്ള ഉറക്കത്തിലേക്ക്.

Saturday, June 4, 2011

മെയ്‌ 2011 വാര്‍ത്തകള്‍

രണ്ടു ദശാബ്ദത്തോളം ലോകത്തിന്റെ ഉറക്കം കെടുത്തിയ അല്‍ഖ്വെയ്ദ മേധാവി ഉസാമ ബിന്‍ ലാദന്‍ യു.എസ്. സേനയുടെ നിറതോക്കിനിരയായി. ശരിക്കും ഉറക്കം കെടുത്തിയത് ഷക്കീല.  ഉസാമ  വെറും  ചെവിയില്‍    പറന്ന് ശല്യം ചെയ്ത കൊതുക്.  

ഉസാമ ബിന്‍ലാദനെ വധിക്കാന്‍ യു.എസ്. ഹെലിക്കോപ്റ്ററുകള്‍ പറന്നിറങ്ങിയപ്പോള്‍ അത് ഇന്ത്യയില്‍നിന്നുള്ള ആക്രമണമാണെന്നാണ് പാകിസ്താന്‍ കരുതിയത്. അതിനെ പ്രതിരോധിക്കാന്‍ പാകിസ്താന്റെ യുദ്ധവിമാനങ്ങള്‍ പറന്നുയരാന്‍   പാക്  സൈന്യാധിപതി   ഉത്തരവിട്ടു.  യുദ്ധവിമാനങ്ങള്‍  കട്ടപ്പുറത്തിരിക്കുന്നത്  കാരണം പറന്നുയരാന്‍ പറ്റിയില്ല.  പകരം  പാക്‌   വ്യോമസേന   പൈലറ്റ്മാര്‍  വിമാനത്തില്‍   കയറിയിരുന്ന്  വായകൊണ്ട്   പറക്കുന്ന  ശബ്ദം  ഉണ്ടാക്കി  സൈന്യാധിപതിയെ  സമാധാനിപ്പിച്ചു.

കൊല്ലപ്പെട്ട അല്‍ഖ്വെയ്ദ തലവന്‍ ഉസാമ ബിന്‍ ലാദന്റെ മൂന്ന് ഭാര്യമാരെ ചോദ്യം ചെയ്യാന്‍ പാകിസ്താന്‍ അമേരിക്കയ്ക്ക് അനുമതി നല്‍കിയതായി റിപ്പോര്‍ട്ട്.  ഒരു ഭാര്യയെപ്പോലും നോക്കിനടത്താന്‍ കെല്‍പ്പില്ലാത്ത സായ്പ്പന്മാര്‍ക്ക്  ഉസാമ എങ്ങനെ  മൂന്ന്  ഭാര്യമാരെ  മേച്ചു  നടന്നു  എന്നറിയാന്‍  മോഹം...

കുറവിലങ്ങാട്: വിധിയെ തോല്പിച്ച് രോഗശയ്യയില്‍ പരീക്ഷ എഴുതിയ ഏലിക്കുട്ടിക്ക് 103-ാം വയസ്സില്‍ നാലാംക്ലാസ് ജയം. വൈകല്യങ്ങളെ അതിജീവിച്ച് മകന്‍ ജോസഫും നാലാംക്ലാസ് പരീക്ഷ ജയിച്ചു.  രണ്ടുപേര്‍ക്കും   ഇന്‍ഫോസിസ്   ഉടന്‍ പ്രോഗ്രാമര്‍ ആയി ജോലി കൊടുത്തു.

നിരായുധനായ അച്ഛനെ ജീവനോടെ പിടികൂടുന്നതിനുപകരം തോക്കിനിരയാക്കിയത് എന്തുകൊണ്ടെന്ന് യു.എസ്. അധികൃതര്‍ വിശദീകരിക്കണമെന്ന് ഉസാമയുടെ മക്കള്‍ ആവശ്യപ്പെട്ടു. ഹെലികോപ്റ്റര്‍ നേരിട്ട് ഉസാമയുടെ മുറിയില്‍ കുത്തിക്കേറ്റാന്‍ ആയിരുന്നു പ്ലാന്‍ എന്നും, മുറിയില്‍ എത്തും മുന്പേ ഹെലികോപ്റ്റര്‍ മതിലില്‍ തകര്‍ന്നു വീണതുകൊണ്ട് ഉസാമയെ  തോക്കിനിരയാക്കേണ്ടിവന്നു എന്നും അമേരിക്ക പറഞ്ഞു.


രണ്ടു സീറ്റിന്റെ ഭൂരിപക്ഷത്തില്‍ യു.ഡി.എഫ്. അധികാരത്തിലേക്ക്. തലനാരിഴ  ഭൂരിപക്ഷം.  കള്ളന്  അകത്തുകയറാന്‍  എത്ര  ഓട്  ഇളക്കി  മാറ്റണം?  രണ്ടെണ്ണം പോരെ?  

അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്.) യുടെ മേധാവി ഡൊമിനിക് സ്‌ട്രോസ് കാന്‍ ലൈംഗിക പീഡനാരോപണത്തെത്തുടര്‍ന്ന് അമേരിക്കയില്‍ അറസ്റ്റിലായി. ഹോട്ടല്‍ ജീവനക്കാരിയുടെ പരാതിയിന്മേല്‍ ബലാത്സംഗക്കുറ്റം ചുമത്തി കേസെടുത്ത ന്യൂയോര്‍ക്ക് പോലീസ് പുറപ്പെടാന്‍ തയ്യാറായ വിമാനത്തില്‍ നിന്നിറക്കിയാണ് കാനിനെ അറസ്റ്റു ചെയ്തത്. ശരിക്കും ഹോട്ടല്‍ ജീവനക്കാരിയാണ് ഡൊമിനിക് സ്‌ട്രോസ് കാന്‍നെ പീഡിപ്പിച്ചത് .  അയാള്‍ അവളോട്‌  'ലൈംഗീകം  വേണം' എന്ന് പറഞ്ഞു, അവള്‍  അവനോട് 'കൊടുക്കില്ല' എന്ന് പറഞ്ഞു പീഡിപ്പിച്ചു.

മാണിക്ക് ധനകാര്യം; ലീഗിന് വ്യവസായം, വിദ്യാഭ്യാസം തീരുമാനമായില്ല (മാതൃഭൂമി  May 18): അയ്യോ! ലീഗിന് വിദ്യാഭ്യാസമില്ലെന്ന്   ഇത്ര  കടുപ്പിച്ച്    പറയല്ലേ!
 
നാടകീയമായി രമേശിന്റെ പിന്മാറ്റം. ''നിയമസഭാ തിരഞ്ഞെടുപ്പില്‍ ഞാന്‍ മത്സരിക്കാനിറങ്ങിയത് സ്വന്തം തിരുമാനപ്രകാരമായിരുന്നില്ല. മുതിര്‍ന്ന നേതാക്കളും ഹൈക്കമാന്‍ഡും നിര്‍ദേശിച്ചിട്ടാണ്" -- രമേശ്‌.  ഇതിയാന്‍  ഹൈക്കമാന്‍ഡിന്റെ   അനുവാദമില്ലാതെ   മൂത്രപ്പുരയില്‍പ്പോലും  പോകില്ല.  എന്തിന്,  ഗര്‍ഭപാത്രത്തില്‍   നിന്നും  ഇറങ്ങിവന്നതുവരെ  ഹൈക്കമാകമാന്‍ഡ്   സമ്മര്‍ദം  ചിലത്തിയതുകൊണ്ടാണ്.   
 
കേരള കോണ്‍ഗ്രസി (ബി)ന് അനുവദിച്ച ടൂറിസം വകുപ്പു തിരികെനല്‍കി പാര്‍ട്ടി വനം വകുപ്പു ചോദിച്ചുവാങ്ങി. ഇതിനു പുറമെ നേരത്തെ അനുവദിച്ച സിനിമയും സ്‌പോര്‍ട്ട്‌സും തുടരും. കാട്ടിലായാല്‍ ഇനി ആരും കരണ്ട് കട്ടെടുത്തു എന്ന് പറഞ്ഞ് പിള്ളയെയും മകനെയും ഉപദ്രവിക്കില്ലലോ.

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ കുറുക്കന്റെ ശല്യം അകറ്റാന്‍ ഇനി മയക്കുവെടി വേണ്ടിവരും. മയക്കുവെടി എന്ന് പറഞ്ഞാല്‍ റഷ്യന്‍ വെറൈറ്റി  മതിയോ?

ആസ്‌പത്രിയില്‍ മമതയുടെ മിന്നല്‍സന്ദര്‍ശനം; ഡയറക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. മുഖ്യമന്ത്രിയോട് അപമര്യാദയായി പെരുമാറിയതിന്റെയും സഹകരിക്കാത്തതിന്റെയും പേരിലാണ് നടപടിയെന്ന് അധികൃതര്‍ പറഞ്ഞു.   അതിനുശേഷം കല്‍ക്കത്തയിലെ  സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ എണ്ണം  50%  ആയി  കുറഞ്ഞെന്നു  ആര്യോഗ്യവകുപ്പ്  പ്രസ്താവിച്ചു.

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പ് മൂന്നായി വിഭജിച്ച നടപടി അഴിമതിക്ക് വഴിവയ്ക്കുമെന്ന് വി.എസ്.അച്യുതാനന്ദന്‍. അധികാരത്തില്‍ വന്നവര്‍ തുട്ട് കിട്ടാനുള്ള വഴികള്‍ നോക്കുകയാണ്.  കോണ്‍ഗ്രസ്സിന്  എന്തെങ്കിലും  സംശയം  ഉണ്ടെങ്കില്‍  സഖാവ്  മറന്നുപോകുന്നതിന്  മുന്‍പ്   വേഗം   ചോദിച്ച്    മനസ്സിലാക്കണം.

കെ. കരുണാകരനെ അപമാനിച്ചവര്‍ക്കും അദ്ദേഹത്തിന്റെ ചിത്രം ഓടയില്‍ വലിച്ചെറിഞ്ഞവര്‍ക്കുംവരെ മന്ത്രിസഭയില്‍ സ്ഥാനം നല്‍കിയിട്ടുണ്ടെന്ന് കെ. മുരളീധരന്‍ കുറ്റപ്പെടുത്തി. അതിപ്പോ മന്ത്രിയാകാനുള്ള മിനിമം യോഗ്യതയല്ലേ മുരളീ? സില്ലി ബോയ്‌!


ഒരു രൂപയ്ക്ക് അരി നല്‍കാനുള്ള കേരള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പരമാവധി സഹായം നല്‍കുമെന്ന് കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ മന്ത്രി കെ.വി. തോമസ് പറഞ്ഞു. മലയാളി മാഫിയയുടെ നീക്കം കണ്ടു തമിഴ്നാട് മുഖ്യമന്ത്രി ജയലളിത തമിഴന്മാരോട് "പാലും മുട്ടയും" കഴിച്ചു ശീലിക്കാന്‍ പറഞ്ഞു.
 
അമേരിക്കയിലെ ബരാക് ഒബാമ ഭരണകൂടത്തെ പിടിച്ചുകുലുക്കുന്ന അപവാദം താമസിയാതെ ഉണ്ടാവുമെന്ന്  പ്രവചനം. മിഷിഗണ്‍ സര്‍വകലാശാലയിലെ രാഷ്ട്രീയ കാര്യ വിദഗ്ധനായ ബ്രിന്‍ഡന്‍ നീഹാനാണ് ഗണിത ശാസ്ത്ര ഫോര്‍മുലയുടെ അടിസ്ഥാനത്തില്‍ പ്രവചനം നടത്തിയിരിക്കുന്നത്. അടുത്ത മന്ത്രി  ലീഗില്‍  നിന്നാണോ  അതോ  കോണ്‍ഗ്രസില്‍  നിന്നാണോ  വരുക  എന്ന്  ചോദിച്ചപ്പോള്‍  "അതിനുള്ള   കണക്ക്‌   ഇത്   വരെ   കണ്ടുപിടിച്ചിട്ടില്ല" എന്ന്   ശ്രീ ബ്രിന്‍ഡന്‍ പറഞ്ഞു.

വകുപ്പ് വിഭജനത്തില്‍ വന്ന പോരായ്മകളും പരസ്യ പ്രസ്താവനകളും സംസ്ഥാന ഭരണത്തിന്റെ നിറം അല്പം കെടുത്തിയതായി കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ പറഞ്ഞു. ഭരണത്തിന്റെ നിറം കൂടുതല്‍ കെടാതിരിക്കാന്‍ ഇനി എല്ലാവരും ശ്രദ്ധിക്കണമെന്നും മുരളീധരന്‍ പറഞ്ഞു. വൈറ്റ് വാഷ്‌ അടിച്ചു നടക്കുന്ന ഇദ്ദേഹം തന്നെ വേണം ബാക്കിയുള്ളവരുടെ  നിറത്തിനെപറ്റി  കുറ്റം  പറയാന്‍.   നിങ്ങളെ  മൊത്തം  ഓടയിലേക്ക്‌ ‍ ലോഞ്ച് ചെയ്യാനുള്ള സമയമായി.   

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ മലയാളം ഒന്നാംഭാഷയാക്കുന്ന തീരുമാനം ഈ വര്‍ഷംതന്നെ നടപ്പാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇക്കാര്യത്തില്‍ ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. അതെത്തുടര്‍ന്ന്, മലയാളികള്‍ക്ക്  തങ്ങളുടെ സ്ഥാപനങ്ങളില്‍ ജോലി ചെയ്യാന്‍ പറ്റിയില്ലെങ്കിലോ എന്ന് പേടിച്ച്‌,  ബാംഗ്ലൂരിലുള്ള  അന്താരാഷ്ട്രീയ കമ്പനികള്‍  മാനേജര്‍മാരോട്  ഉടന്‍ മലയാളം പഠിച്ചുതുടങ്ങാന്‍  ഉത്തരവിട്ടു.
 
രജനീകാന്തിനെ ശനിയാഴ്ച സിംഗപ്പൂര്‍ മൗണ്ട് എലിസബത്ത് ആസ്പത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. ചെന്നൈ  നിന്നുള്ള  വിമാനത്തിന്  വേഗത  പോര   എന്ന്  പറഞ്ഞ്  അദ്ദേഹം  കടല്‍  നീന്തിക്കടന്നാണ് സിങ്കപ്പൂരിലേക്ക് പോയതത്രേ!

Wednesday, May 25, 2011

അപരന്റെ വളി

( ഇത്ര സഭ്യമായ ഭാഷയില്‍ എഴുതാന്‍ അനുവദിച്ചതിന് മുന്‍കൂറായി നന്ദി. )

കുഴിക്കാട്ടില്‍ നാരായണന് നാട്ടുനടപ്പും ആചാരവും എന്നൊക്കെ പറഞ്ഞാല്‍ അമേരിക്കയോട് പാക്കിസ്ഥാന്‍   ഇറക്കുന്ന താക്കീതു  പോലെയാണ് -- കല്പന ഇറങ്ങുനതിനു മുന്‍പേ ലംഖന കഴിഞ്ഞിരിക്കും.  നാട്ടുകാര്‍ക്ക്‌ മൂക്കില്‍ നിന്ന് കൊഴിഞ്ഞു പോയ രോമത്തിന്റെ  വില പോലും നാരായണന്‍ കല്പിച്ചിട്ടില്ലാ   എന്നര്‍ത്ഥം.  ഉമ്മന്‍ ചാണ്ടി മുരളീധരനെ അവഗണിക്കുന്നത്  പോലെ, പരിഷ്ക്കാരവും പുരോഗതിയും നാരായണന്‍ കാല കാലമായി അവഗണിച്ച്‌ ജീവിച്ചുപോന്നു. നല്ല ശമ്പളമുള്ള ജോലിയുണ്ടെങ്കിലും കാശ് ചിലവാക്കുന്ന സ്വഭാവം പുള്ളിക്കുണ്ടായിരുന്നില്ല.  അദ്ദേഹത്തിന്റെ വേഷവിധാനങ്ങളെ   വെല്ലുവിളിക്കണമെങ്കില്‍ തമിഴ്നാട്ടില്‍നിന്നും പിച്ചക്കാരെ ഇറക്കണം.  ആശുപത്രിപ്പടിക്കല്‍   പെട്ടിക്കട നടത്തുന്ന അന്തോണി മാപ്പിള വരെ മാരുതി കാര്‍ വാങ്ങിയെങ്കിലും നാരായണന്‍ തൊട്ടാല്‍ സെപ്ടിക് ആകുന്ന  "റാലി" സൈക്കിളില്‍ തന്നെ യാത്ര തുടര്‍ന്നു. നാരായണന്റെ അസുഖം "പിശുക്ക്" ആണെന്ന് പല പരദൂഷണ കമ്മറ്റികള്‍ ഡയഗനോസ് ചെയ്തെങ്കിലും ശരിയായ കാരണം വേറൊന്നായിരുന്നു. നാരായണന് ഭൌതികസുഖങ്ങളോട് ഒട്ടും തന്നെ  നോട്ടമില്ലയിരുന്നു --  ഇടയ്ക്കു വലിക്കുന്ന ലക്ഷുറി ഐയ്റ്റം  കാജാബീഡി   ഒഴികെ.

 അദ്ദേഹത്തിന്റെ ഭാര്യ അമ്മിണിയാണെങ്കില്‍  എക്സാറ്റ് ഒപ്പോസിറ്റ്. മാച്ചിംഗ് സാരിയും ബ്ളൌസും  ഇട്ട്‌, കണ്ണെഴുതി, പൊട്ടു തൊട്ട്‌, പോണ്ട്സ് പൌഡര്‍ ഇട്ട്‌ മണപ്പിച്ച്,  അമ്മിണി ഇറങ്ങിയാല്‍ ഉത്സവത്തിന്  ആന ഇറങ്ങിയതുപോലെ ആണ്. നെറ്റിപ്പട്ടവും, തിടമ്പും, കുടയും,  വെഞ്ചാമരവും   ആയി അമ്മിണി, കൂടെ പാപ്പാന്‍റെ പോലെ നോക്കുകുത്തി നാരായണന്‍. അവര്‍ രണ്ടുപേരും നടന്നു പോകുമ്പോള്‍ പരദൂഷണ കമ്മറ്റികള്‍   "ബ്യൂട്ടി ആന്‍ഡ്‌ ദി ബീസ്റ്റ്" പോകുന്നു എന്ന് കുശുമ്പ് പറഞ്ഞു ചിരിക്കും.

നാരായണനെ മോഡേ‍നൈസ്‌  ചെയ്യാനായി  അമ്മിണി ഇപ്പോള്‍ മൂന്നാം പഞ്ചവത്സര പദ്ധതി  നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്.  അദ്ദേഹത്തെ  ബ്രെയിന്‍  വാഷ്‌  ചെയ്യാനുള്ള  ആദ്യത്തെ  പഞ്ചവത്സരപദ്ധതി,  മാമുക്കോയയുടെ   പല്ല്  സ്ട്രൈറ്റ്‌  ആക്കാനുള്ള പദ്ധതി പോലെ പൊളിഞ്ഞു  പാളിസായി.   രണ്ടാമത്തെ  പഞ്ചവത്സര പദ്ധതിയില്‍  അമേരിക്കന്‍  ഭരണകൂടം  സദ്ദാം ഹുസ്സെനു വെച്ചത് പോലെ  അമ്മിണി നാരായണന്ടെ  WMD കള്‍   എല്ലാം അടിച്ചുമാറ്റാന്‍  ശ്രമിച്ചു.  കാപ്പിക്കളര്‍  കൌപീനത്തെ പിരിച്ചുവിട്ട്    നാരായണനെ  വി. ഐ. പി.  അണ്ടര്‍വെയറിലേക്ക്   പ്രൊമോട്ട്   ചെയ്തു.  ഉമിക്കരിക്ക് പകരം പേയിസ്റ്റും   ബ്രഷും വാങ്ങി. കൊതുവലപോലുള്ള മുണ്ടും, കക്ഷത്തില്‍  മഞ്ഞള് തേച്ച പോലുള്ള ഷര്‍ട്ടും കത്തിച്ചു കളഞ്ഞു. അങ്ങനെ നാരായണന്ടെ  അക്സേസ്സോ‍റികള്‍  മൊത്തം  ഒവര്‍ഹോള്‍  ചെയ്തെങ്കിലും,  മുഷിഞ്ഞു നാറിയ   തുണിയിട്ട്  ചുറ്റുപാടെല്ലാം  ചാഴിപോലെ  മണപ്പിക്കാന്‍  ഇറങ്ങുന്ന  നാരായണനെ  മെരുക്കാന്‍  അമ്മിണിക്ക് മൂന്നാം പഞ്ചവത്സര പദ്ധതി  ഇറക്കേണ്ടി  വന്നു.   ഈ പദ്ധതിപ്രകാരം നാരായണന്‍ വീട്ടില്‍നിന്നും  ഇറങ്ങുനതിനുമുന്പ് അമ്മിണി അദ്ദേഹത്തെ ത്രീ-ട്ടിയര്‍ സെക്യൂരിറ്റി ചെക്കിങ്ങിനു വിധേയനാക്കും. ആദ്യം വിഷ്വല്‍ എക്സാം -- ഷര്‍ട്ടിന്റെ  കോളര്‍    കാട്ബറീസ്   ചോക്ലെട്റ്റ് തിന്ന കുട്ടിയുടെ കിറി പോലെ ഇരുന്നാല്‍ ചെക്ക്‌ ഫെയില്‍,  ഷര്‍ട്ടില്‍  ഇന്നലത്തെ  സാമ്പാറോ  മറ്റോ  ഉണങ്ങിപ്പിടിച്ച്ചിരുന്നാല്‍ ചെക്ക്‌ ഫെയില്‍.  രണ്ടാമത് അമ്മിണി ഒരു റീസന്‍സീ  ടെസ്റ്റ്‌ നടത്തും. "ഈ വേഷം ഞാന്‍ കഴിഞ്ഞ ആഴ്ച കഴുകിയോ?",  "ഈ വേഷം ഇതിയാന്‍ കഴിഞ്ഞ   നാല്   ദിവസത്തിനുള്ളില്‍  ഒരിക്കലെങ്ങിലും  ധരിച്ചിട്ടുണ്ടോ?"  എന്ന    ക്വെറിക്ക്  "എസ്..."  എന്നോ  "റെക്കോര്‍ഡ്‌ നോട്ട് ഫൌണ്ട് ..."    എന്നോ  ഉത്തരം വന്നാല്‍ നാരായണന്‍ സെക്യൂരിറ്റി ചെക്ക്‌ ഫെയില്‍.  മൂന്നാമത് അമ്മിണി ഒരു സ്മെല്‍ ടെസ്റ്റ്‌ നടത്തും. ഉത്തരത്തില്‍ ചത്തിരിക്കുന്ന പല്ലി എവിടെ എന്ന് കണ്ടു പിടികുന്നത് പോലെ മൂക്ക് വിരിച്ച്‌ അമ്മിണി നാരായണനെ ഒന്ന് പ്രദക്ഷിണം വെക്കും. വിയര്‍പ്പ്‌, കാജ ബീഡി എന്നിവ മണത്താല്‍ നാരയണന്‍ സെക്യൂരിറ്റി ടെസ്റ്റ്‌ ഫെയില്‍.  ഈ സെക്യൂരിറ്റി ചെക്ക്‌ തന്റെ ഫ്രീ സ്പിരിറ്റിനെ കാര്യമായി   പീഡിപ്പിച്ചതിനാല്‍     കൂടെക്കൂടെ നാരായണന്‍ അമ്മിണിയുടെ സെക്യൂരിറ്റി  വലയത്തിന്റെ    കണ്ണുവെട്ടിച്ചു പുറത്തുചാടാറുണ്ട്.

 നാരായണന്റെയും അമ്മിണിയുടെയും ഏക മകനാണ് വേലായുധന്‍.  തന്തയുടെ പോലെ ആകരുതെന്ന് കരുതി കുട്ടിക്കാലം മുതല്‍ക്കേ   മകന് നെയ്യും ചോറും ഉരുട്ടി കൊടുക്കുന്നതിനിടയില്‍ കുറെ സ്റ്റാറ്റസ്സും   എറ്റിക്കെറ്റും  കുത്തിക്കേറ്റാന്‍   അമ്മിണി  മറന്നില്ല.  അങ്ങിനെ നാരായണന്ടെ വൈ ക്രോമോസോമിനെ അമ്മിണിയുടെ  എക്സ്  ക്രോമോസോം  കാലക്രമേണ തറ പറ്റിച്ച് , മകന്‍ അമ്മയുടെ പോലെ  ഭയങ്കര  ഫോര്‍വേഡ്  ആയി വളര്‍ന്നു വന്നു.   പഠിപ്പ്  ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ ആയിരുന്നതുകൊണ്ടും,  കൂട്ടുകെട്ട് ലോക്കല്‍ മുതലാളിമാരുടെ  മക്കളോടായിരുന്നത്   കൊണ്ടും വേലായുധന് ദുരഭിമാനത്തിന് ഒട്ടും കുറവുണ്ടായിരുന്നില്ല. സ്കൂളില്‍ പാരെന്റ്റ്- ടീച്ചര്‍ മീറ്റിംഗ് ഉണ്ടായാല്‍ വേലായുധന്‍ "അച്ചന്‍ വന്നാല്‍ പറ്റില്ല...അമ്മ തന്നെ വരണം" എന്ന്  ശാഠൃം     പിടിക്കും.   അതിന്റെ  കാര്യം  പലതാണ്.  ഒന്ന്,  കൂട്ടുകാരുടെ "ഡാഡീസ്‌"  കാറിലും  മോട്ടോര്‍  സൈക്കിളിലും  മമ്മൂട്ടി-ഗമയില്‍    വന്നിറങ്ങുമ്പോള്‍  തന്റെ  "അച്ചന്‍" കൊല്ലി സൈക്കിളില്‍ കുതിരവട്ടം പപ്പു വന്നിറങ്ങുന്നത്  പോലെ ലാന്‍ഡ്‌ ചെയ്യും. രണ്ട്‌, അന്നത്തെ ദിവസം അമ്മയുടെ സെക്യൂരിറ്റി ചെക്ക്‌ വെട്ടിച്ചാണ് അച്ഛന്‍    കടന്നുവന്നതനെങ്കില്‍   ചാഴി പ്രശ്നം ഉറപ്പാണ്‌. അതുകൊണ്ട് അമ്മയോട് സ്റ്റൈല്‍ ആയി ഓട്ടോറിക്ഷയില്‍ വന്നിറങ്ങി മാനം രക്ഷിക്കാന്‍ മകന്‍ സ്ഥിരമായി അപപ്ളിക്കേഷന്‍ സമര്‍പ്പിക്കാറുണ്ട്.

അങ്ങിനെ നാരായണനും, അമ്മിണിയും,  വേലായുധനും  ആമോദത്തോടെ  വസിക്കുന്ന കാലം. ഒരു ദിവസം പട്ടണത്തില്‍നിന്നു   അല്ലറ ചില്ലറ പലചരക്ക്  വാങ്ങി  അച്ഛനും മകനും  വീട്ടിലേക്കു തിരിച്ചു വരികയായിരുന്നു. നാരായണന്‍  ഇടത്തോട്ടും വലത്തോട്ടും നോക്കാതെ, തല ഉയര്‍ത്തിപ്പിടിച്ചു,  പട്ടാളം സ്റ്റൈല്ലില്‍ മുന്‍പേ നടന്നു. പകുതി ഓട്ടവും പകുതി നടത്തവും ആയി  മകന്‍ അച്ഛന്റെ പുറകെ.  കുറെ കഴിഞ്ഞപ്പോള്‍  വേലായുധന്‍ എതിരെനിന്നൊരാള്‍  വരുന്നത്  കണ്ടു -- "ഇമ്പോര്‍ട്ട് ആണല്ലോ, കണ്ടുപരിചയം ഇല്ല" എന്ന് അവന്‍ മനസ്സില്‍ ഓര്‍ത്തു. നാരായണന്‍ അപരനെ കണ്ടഭാവം നടിക്കാതെ  പട്ടാളം സ്റ്റൈല്ലില്‍ നടത്തം തുടര്ന്നു. അപരന്‍ തങ്ങളെ  കടന്നു പോയ  തല്‍ക്ഷണം നാരായണന്‍ സ്വന്തം  ശരീരം പിസ ഗോപുരം പോലെ ചരിച്ചുപിടിച്ച്,  ആമാശയത്തിന്റെ   അലൈന്‍മെന്റ് ശരിയാക്കി  ദിഗന്തം  നടുങ്ങുമാറ്    "പറേറേറേറേ....."  എന്ന  ശബ്ദത്തോടെ   നീട്ടിവലിച്ച്‌   ശംഖുവിളിച്ചു.  നല്ല കഞ്ഞിമുക്കിയ ഒറ്റമുണ്ട്  വലിച്ചുകീറുന്നതുപോലെ  തുടങ്ങിയ  ആ  രാഗം  ലൂസിയാനോ പവോറോട്ടിയുടെ  ഓപ്പറപ്പാട്ടിന്റെ    'ഗമക'ത്തോടെ  നീണ്ടു  നീണ്ടു  പോയി.

അച്ഛന്റെ ട്രംബെറ്റ് വിളി   കേട്ട  ഞെട്ടലില്‍ നിന്നും സമനില തിരിച്ചു കിട്ടിയപ്പോള്‍ വേലായുധന് അപമാനം സഹിക്കാന്‍ വയ്യാതെ അന്തരീക്ഷത്തിലേക്ക് അലിഞ്ഞില്ലാതാവാന്‍   തോന്നി.  "അയ്യേ... ഭയങ്കര ചമ്മലായി.  ആരെങ്കിലും കേട്ടാല്‍ എന്റെ   സ്റ്റാറ്റസ്ഉം സ്റ്റാറ്റിസ്റ്റിക്സും  എല്ലാം മൊത്തം കപ്പല്‍ കയറും" എന്നവന്‍ മനസ്സില്‍ കരുതി.   സ്ക്കൂളില്‍ കിട്ടാന്‍ പോകുന്ന ഇരട്ടപ്പേരുകള്‍ വേലായുധന്റെ   മനസ്സില്‍ ഓടി -- വളിക്കുടുക്ക, ജൂനിയര്‍ വളി, വളിപ്പന്‍, വളിയായുധന്‍  .... അമ്മേ ആ ലിസ്റ്റ്  തീരുന്നില്ല.

"അച്ഛന്‍ ഈ കാണിച്ചത്‌ ശരിയായില്ല"  എന്ന്  പറഞ്ഞ്  വേലായുധന്‍  പ്രതിഷേധം  രേഖപ്പെടുത്തി.

"ഞാന്‍ ആരെയും കാണിച്ചില്ലല്ലോ... കേള്‍പ്പിച്ച്ചല്ലേ ഉള്ളു" എന്ന് പറഞ്ഞ്‌  നാരായണന്‍  മകന് ഒരു ടെക്നിക്കല്‍  നോക്ക്-ഔട്ട്‌  കൊടുത്തു.

"എന്നാലും നടുറോട്ടില്‍   തന്നെ വേണ്ടായിരുന്നു" വേലായുധന്‍ വെറുതെ വിടാന്‍ ഭാവമില്ല.

"നടുറോട്ടില്‍ ആവാന്‍ വഴിയില്ല. ഞാന്‍ ഇടത്തോട്ടു ചരിച്ചാ വിട്ടത്" പയ്യന്‍സിന്റെ ചോദ്യത്തില്‍ അമ്മിണിയുടെ ചുവ വന്നപ്പോള്‍ നാരായണന് അത്ര പിടിച്ചില്ല.

വഴിയില്‍ നടക്കുന്ന വെടിക്കെട്ട്‌ നാട്ടുകാര് കേട്ടോ എന്നറിയാന്‍ വേലായുധന്‍  ഇടത്തോട്ടും വലത്തോട്ടും ഒന്നെത്തി വലിഞ്ഞ്‌ നോക്കി. ഭാഗ്യം, ആ പരിസരത്ത് ആരും ഇല്ല. ഇനി ആകെ പേടിക്കേണ്ടത് അപരനെ മാത്രം. അയാളുടെ പ്രതികരണം അറിയാനായി അവന്‍ ഒന്ന് പതുക്കെ തിരഞ്ഞു നോക്കി. അയാള്  ദാണ്ടേ കാലില്‍ മുള്ള്  കൊണ്ട  ശകുന്തളയെപ്പോലെ  അവരെ തിരഞ്ഞ്‌ നോക്കി പോകുന്നു. വേലായുധന്‍ ‍ ഒന്ന് രണ്ടു ചുവടുകൂടെ നടന്നതിനു ശേഷം ഒന്നുകൂടെ തരിഞ്ഞു നോക്കി. കുട്ടിപ്പാവടയിട്ട് പോകുന്ന മദാമ്മയെ കൊച്ചി മലയാളീസ്  ഇന്‍വസ്റ്റിഗേറ്റ്  ചെയ്യുന്നത് പോലെ, അപരന്‍ അയാളുടെ നടത്തത്തിന്റെ വേഗത കുറച്ച് വീണ്ടും വീണ്ടും തരിഞ്ഞു നോക്കുന്നു. ഈ സമയം മുഴുവന്‍ നാരായണന്‍ "ഞാനോന്നറിഞ്ഞില്ലേ രാമനാരായണ" എന്ന മട്ടില്‍ മാര്‍ച്ച്‌ പാസ്റ്റ് നടത്തുകയായിരുന്നു.    മകന്റെ പരിഭ്രമം    കണ്ടിട്ട് നാരായണന്‍ മാര്‍ച്ച്‌ പാസറ്റിന്റെ  ഇടയ്ക്കു രണ്ടു വാക്ക് മിണ്ടാന്‍ തീരുമാനിച്ചു.

അച്ഛന്‍: "അയാളെന്താ തിരിഞ്ഞ് നോക്കുന്നുണ്ടോ?"

മകന്‍:  "ഉവ്വ്"

അച്ഛന്‍: "അയാളെന്തിനാ  തിരിഞ്ഞ് നോക്കുന്നതെന്നറിയമോ?"

മകന്‍:  "ഇല്ല"

അച്ഛന്‍: "അയാള് വളി ഇട്ടിട്ടു നമ്മള്  കേട്ടോന്നറിയാന്‍  തിരിഞ്ഞുനോക്കണതാകും"

അത് കേട്ട ഉടനെ  ആശ്വാസത്തിന്റെ പുഞ്ചിരി വേലായുധന്റെ ചുണ്ടില്‍ വിടര്‍ന്നു. വാദിയെ പ്രതി ആക്കി തന്റെ മാനം രക്ഷിക്കാന്‍ വേലായുധന്‍ അച്ഛനോട് ഒരു കാര്യം പറഞ്ഞു "ആരെങ്കിലും ചോദിച്ചാല്‍ അയാള് തന്നെയാ പുകച്ചതെന്ന് നമുക്ക് പറയാം. അല്ലെങ്കില്‍ നാണക്കേട്‌ നമുക്കാ".  മകന്റെ അല്‍പ്പത്തരം അവഗണിച്ച് നാരായണന്‍ മാര്‍ച്ച്‌ പാസ്റ്റ് തുടര്‍ന്നൂ. അടുത്ത വളവ് തിരിയുന്നതിന് മുന്‍പ് വേലായുധന്‍ അപരനെ ഒന്നുകൂടെ  തിരിഞ്ഞ് നോക്കി. അയാള്‍ നടത്തം നിറുത്തി റോഡിന്‍റെ നടുക്ക് എബൌട്ട്‌ ടേണ്‍ അടിച്ച്‌ നോക്കി നില്‍ക്കുന്നു --  ഐ.എം.എഫ്.  മേധാവി ഡൊമിനിക് സ്‌ട്രോസ്-കാന്‍നെ കണ്ട ഹോട്ടല്‍ ജീവനക്കാരിയെപ്പോലെ! 

ഈ  സംഭവം  വിറ്റ്നെസ്  ചെയ്തത്  ഒരു  അപരിചിതനായിരുന്നത്  കൊണ്ട്  വേലയ്ധന്റെ  ഇമേജിന്  വലിയ  കോട്ടം  തട്ടിയില്ല.   എന്തായാലും വീട്ടിലെത്തുംമുന്‍പ് അമ്മിണിയുടെ എക്സ്  ക്രോമോസോമിനിട്ടൊന്നു  പൊട്ടിക്കാനായി നാരായണന്‍ മകനോട്‌ ഒന്ന് പറഞ്ഞു -- "നാല് പേര് നോക്കി നില്‍ക്കുമ്പോള്‍  ചെയ്യുന്ന  കാര്യത്തേക്കാള്‍  അപമാനം    തോന്നേണ്ടത്  ആരും  കാണാതെ ചെയുന്ന കാര്യങ്ങള്‍ക്കാണ്"

കഥ, നര്‍മ്മം 

Saturday, March 26, 2011

തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍ - 2

വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ 'അനാരോഗ്യം മൂലം" മത്സരിക്കാന്‍ ആവില്ലെന്ന് വി. എസ്. പറഞ്ഞതായി ശിവദാസ മേനോന്‍. അനാരോഗ്യം മൂലം മാറിനില്‍ക്കുമെന്നു പറഞ്ഞിട്ടില്ലെന്ന് വി. എസ്.  ഒന്നുകില്‍ ഓര്‍മ്മക്കുറവ്. അതല്ലെങ്കില്‍   നുണ പറയുന്ന സൂക്കേട്‌. എങ്ങിനെആയാലും അനാരോഗ്യം ഉറപ്പു തന്നെ.

 
കൊല്ലം: കെ.കരുണാകരനോടൊപ്പം കോണ്‍ഗ്രസ്സില്‍ വന്നവരോട് തിരഞ്ഞെടുപ്പില്‍ ചിറ്റമ്മനയം പാടില്ലെന്ന് കെ.പി.സി.സി. വൈസ് പ്രസിഡന്റ് എന്‍.പീതാംബരക്കുറുപ്പ് എം.പി. പറഞ്ഞു. സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുമ്പോള്‍ കരുണാകരനോടൊപ്പം വന്നവര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കണമെന്ന് പീതാംബരക്കുറുപ്പ് ആവശ്യപ്പെട്ടു. അര്‍ഹത നല്‍കിയില്ലെങ്കില്‍ നിങ്ങള്‍ എന്ത് ചെയ്യും? വേറെ പുതിയ പാര്‍ട്ടി തുടങ്ങുമോ?

തിരുവനന്തപുരം: പണം വാങ്ങി ഇല്ലാത്ത വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ കേരളത്തിലും ചില മാധ്യമങ്ങള്‍ ശ്രമിക്കുകയാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. "ചില മാധ്യമങ്ങള്‍ എന്തേ പൂര്‍ണമായി ഒരു വിഭാഗത്തിനു മാത്രം എതിരാകുന്നു?" എന്ന് അദ്ദേഹം ചോദിച്ചു. സഖാവ് പറഞ്ഞത് സത്യം. ഈ ദേശാഭിമാനി പത്രക്കാരെക്കൊണ്ട് തോറ്റു. ഇനി സഖാവ്   പറഞ്ഞിട്ടെങ്കിലും  അവര്‍ കേള്‍ക്കും ... അല്ലെ? 


തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം.മാണിയുടെ വഞ്ചനയില്‍ പ്രതിഷേധിച്ച് പാര്‍ട്ടിയില്‍ നിന്ന് രാജിവെയ്ക്കുകയാണെന്നു   മുന്‍ എം.എല്‍.എ സ്റ്റീഫന്‍ ജോര്‍ജ് പത്രസമ്മേളനത്തില്‍ പറഞ്ഞു. ഈ വഞ്ചന എന്നൊക്കെ പറഞ്ഞാല്‍... മാണിച്ചേട്ടന്‍ നിങ്ങളെ കല്യാണം കഴിക്കാം എന്ന് പറഞ്ഞിരുന്നോ?


ആലുവ: ദേശസാത്കൃത ബാങ്കില്‍ പണയം വച്ച സ്വര്‍ണ ഉരുപ്പടികള്‍ മറിച്ച് പണയംവച്ചതിന് ബാങ്കിലെ കാഷ്യര്‍ അറസ്റ്റിലായി. ലവനെപ്പിടിച്ചു സ്ഥാനാര്‍ഥി ആക്കടെ!


തൃപ്രയാര്‍ എഴുന്നള്ളിപ്പിനിടെ ആന യുവാവിനെ എടുത്തെറിഞ്ഞു;   പാപ്പാനു കുത്തേറ്റു.   ആനയുടെ  പേര്‍   വി. എസ്.   എന്നും,   യുവാവ്‌  പിണറായില്‍നിന്നാണെന്നും,   പാപ്പാന്‍ ടി.ശിവദാസമേനോന്‍   ആണ് എന്നും കേട്ട് കേഴ്വി.



പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി ബുധനാഴ്ച വൈകീട്ട്  ബാലകൃഷ്ണപിള്ളയെ    ജയിലില്‍പ്പോയി   കണ്ടു.  അതിനുശേഷം,  ജയില്‍ അധികൃതര്‍ പിള്ളയോട് പുലര്‍ത്തുന്ന അവഗണന മൂലം അദ്ദേഹത്തിന്റെ ശരീരഭാരം കുറഞ്ഞതായും രക്തസമ്മര്‍ദം ഉയര്‍ന്നതായും പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. പാമോയിലുമായുള്ള   സംബന്ധം കൂടിയാല്‍   കോളസ്ട്രോലും  രക്തസമ്മര്‍ദവും ഉണ്ടാകും എന്നറിയില്ലേ പിള്ളേ?

കരുണാകരനൊപ്പം നിന്നവരെ വെട്ടിനിരത്തിയതിലുള്ള പ്രതിഷേധം ഹൈക്കമാന്‍ഡിനേയും സംസ്ഥാന നേതൃത്വത്തേയും അറിയിക്കുമെന്ന് പത്മജ വേണുഗോപാല്‍ പറഞ്ഞു. കരുണാകരനെ എല്ലാവരും മറന്നു. സ്ഥാനാര്‍ത്ഥി പട്ടികയോട് കരുണാകരന്റെ ആത്മാവുപോലും പൊറുക്കില്ല. പറഞ്ഞ്‌  പറഞ്ഞ്‌ കരുണാകരന്  ആത്മാവുണ്ടായിരുന്നു   എന്ന് പറഞ്ഞു പറ്റിക്കാനൊന്നും  നോക്കണ്ട  മോളെ. തന്റെകൂടെ നിന്നിരുന്ന കൊള്ളക്കാര്‍ക്കു പരിഗണന കൊടുത്തില്ലെങ്കില്‍ വീരപ്പന്ടെ ആത്മാവും  പൊറുക്കില്ലയിരിക്കും!


മാര്‍ച്ച്‌ 24:  ഇടതുപക്ഷക്കാരുടെ രണ്ടുരൂപ അരി ഇലക്ഷന്‍ സ്റ്റണ്ടെന്നു തെളിഞ്ഞു- ഉമ്മന്‍ ചാണ്ടി
മാര്‍ച്ച്‌ 25: ഒരു രൂപയ്ക്ക് അരി യു.ഡി.എഫ് വാഗ്ദാനം.  എത്ര പുതുമയുള്ള  ആശയം! ചാണ്ടിച്ചേട്ടന്‍  സ്റ്റണ്‍ണ്ട്   മാഷെ സ്റ്റണ്‍ണ്ട് പഠിപ്പിക്കുന്നോ?

മറ്റ് അറബ് രാജ്യങ്ങളില്‍ അലയടിക്കുന്ന ജനാധിപത്യ പ്രക്ഷോഭം തന്ടെ രാജ്യത്തും  പ്രതികരണങ്ങള്‍ സൃഷ്ടി ക്കാതിരിക്കാന്‍ ഒരു അറബ്   രാജാവ്   ശമ്പള പരിഷ്‌കരണം, തൊഴിലില്ലായ്മാവേതന വര്‍ധന, ആരോഗ്യ സുരക്ഷ തുടങ്ങി ഒട്ടേറെ ജനപ്രിയ പദ്ധതി കല്‍  പ്രഖ്യാപിച്ചു. സ്ത്രീകള്‍ക്ക് കൂടുതല്‍  സ്വാതന്ത്ര്യം നല്‍കാനുള്ള പദ്ധതിപ്രകാരം കാലിന്‍റെ പെരുവിരല്‍ ബുര്ഖക്ക്‌  പുറത്തിടാനുള്ള  അനുവാദവും  രാജാവ്‌  നല്‍കി.  ഇതെത്തുടര്‍ന്ന്  ആ നാട്ടില്‍  വയാഗ്രയുടെ  വില്‍പ്പന  നൂറിരട്ടിയായി  വര്‍ധിച്ചു.  

Saturday, March 19, 2011

തിരഞ്ഞെടുപ്പ് വാര്‍ത്ത‍

ഉമ്മന്‍ ചാണ്ടിക്കെതിരെ  പാമോയില്‍ കേസ് തുടരന്വേഷിക്കാന്‍ അനുവദിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കോടതി അനുവദിച്ചു.  മാണിയെ  മുന്‍പ്    പിടികൂടിയെങ്കിലും  ദേഹമാസകലം  പാമോയില്‍  ആയതുകാരണം   വഴുതി രക്ഷപ്പെട്ടു  എന്ന് വിജിലന്‍സ് അന്വേഷണ മേധാവി പ്രസ്താവിച്ചു.

അറബിക്കടലില്‍ ചരക്ക് കപ്പലുകള്‍ക്ക് ഭീഷണിയായി മാറിയ 61   സോമാലിയ കടല്‍ക്കൊള്ളക്കാരെ കപ്പലടക്കം നാവികസേന പിടികൂടി.  കൊള്ളക്കാരില്‍ 39 പേര്‍ ഇടതുമുന്നണിയിലും 22  പേര്‍ വലതുമുന്നണിയിലും  ചേര്‍ന്നതായി കേട്ട് കേഴ്വി. അതില്‍ 2 പേരെ  അച്ചടക്ക  ലംഘടനതിനു  സി. പി. എം. പുറത്താക്കി. കൊള്ളത്തലവന്‍ ഡി. എം. കെ. യില്‍ ചേരാന്‍  ശ്രമിച്ചെ ങ്കിലും  യോഗ്യത പോര എന്ന് പറഞ്ഞു അപേക്ഷ തള്ളിയത്രേ.

ജയിലിലെ ചൂടും, കൊതുക് കടികൊണ്ടും ഉറങ്ങാന്‍പറ്റുന്നില്ല എന്ന് പറഞ്ഞ് ബാലകൃഷ്ണപിള്ള എ. സി., കൊതുവല എന്നിവ വേണമെന്ന് ആവശ്യപ്പെട്ടു. അനുഭവിക്കും, താന്‍ അനുഭവിക്കും. താന്‍ പണ്ട് മന്ത്രിയായി ഇരിക്കുമ്പോള്‍ നടപ്പാക്കിയ പവര്‍ കട്ട്‌ കാരണം ഞങ്ങള്‍ കുറേ ചൂട്ടത്ത് കിടന്നു കിടന്നുറങ്ങിയിട്ടുള്ളതാണ്.  പിന്നെ,  കൊതുക് കടി     മാറ്റാന്‍ ആനപ്പിണ്ടം പുകച്ചാല്‍ മതി. മുന്‍ മന്ത്രിയായതുകൊണ്ട് പിണ്ടം ചൂടോടെ എത്തിക്കാന്‍ ഏര്‍പ്പടാക്കം.

ചെന്നിത്തല  ഒരു മികച്ച  മുഖ്യമന്ത്രിയാകും  കെ. മുരളീധരന്‍   പ്രസ്താവിച്ചു.  പ്രസ്താവന കഴിഞ്ഞ ഉടനെ മുരളി പത്ത് പ്രാവശ്യം നാക്ക് വടിക്കുകയും, ആര്യ വേപ്പില തിളപ്പിച്ച വെള്ളം കൊണ്ട് വായകഴുകിയതായും  കേട്ടു.  ഓന്ത് കുറച്ചു ദുരഭിമാനിയാണ് കേട്ടോ.


വി.എസ്. അച്യുതാനന്ദന്‍ സി.പി.എമ്മിന്റെ അനിഷേധ്യ നേതാവെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. വി.എസ്. തന്നെ എല്‍.ഡി.എഫിനെ നയിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ടെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. സമ്മേളനം കഴിഞ്ഞ ഉടന്‍ പിണറായി പത്ത് പ്രാവശ്യം നാക്ക് വടിക്കുകയും, ആര്യ വേപ്പില തിളപ്പിച്ച വെള്ളം കൊണ്ട് വായകഴുകിയതായും  കേട്ടു.  ഈ ഓന്തും  കുറച്ചു ദുരഭിമാനിയാണ് കേട്ടോ.